Wednesday, June 29, 2011

ബാല്യം


                                                                                          

എനിക്കെന്‍റെ ബാല്യം തിരികെ തരേണം
ആരോടാണ് ഞാന്‍ യാചിക്കേണ്ടത്
ഇരവിനോടോ,പകലിനോടോ,
ഇഹത്തിനോടോ,പരംപൊരുളിനൊടോ,. ‌
ആരോടാണ് ഞാന്‍ യാചിക്കേണ്ടത്

വാര്‍‍ദ്ധക്യത്തിന്‍റെ അതിര്‍വരമ്പത്ത്‌
തെന്നി വിഴാ കാത്തു നില്‍ക്കുന്ന ഞാ
ന്തിനാണ് ബാല്യത്തെ സ്‌മരിച്ചത്
അമ്മിഞ്ഞപ്പാലമൃതം കൊതിച്ചിട്ടോ
അമ്മതന്‍ താരാട്ട് പാട്ടിനും കൊതിച്ചിട്ടോ ?
പിച്ചവച്ചും പിടഞ്ഞ് വീണും വീണ്ടുമെണീറ്റും
മൊണാകാട്ടിച്ചിരിച്ചും മുതിന്നോര്‍ക്ക് പൊന്നോമന-
യായിട്ടൊരായിരം മുത്തങ്ങ ഏറ്റുവാങ്ങാനാണോ?

അതോ...............
ഒന്നുമറിയത്തോരിളം മനസിലെ,
പുലരിയും,പൂവും,കിളിയും,കിളിന്തും,
തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും
ഒരിക്കല്‍ക്കൂടി അടുത്തറിയാനാണോ ?

അതുമല്ലഃ
കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും
അന്ധരാമെന്നുടെ ഉടപ്പിറപ്പൂകള്‍ക്കിടയിലൊരു
കൃമിയായലഞ്ഞ് , കൃമിക്കുന്ന ഇന്നിനെമറന്നിട്ടി-
ന്നലയെ മാത്രം പുല്‍കിയൊരാനന്ത-
നിര്‍വൃതിക്കുടമയാകാനാണോ?
അറിയില്ല
അറിയില്ലേ ?
പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും
മൌനമുടയ്ക്കാതെയെന്‍ നാവ്
ചങ്ങലക്കിട്ട് വാല്മീകത്തിനുള്ളിലാണ്,
കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു
എനിക്ക് വേണ്ടി ഒരു തവണ - ഒരിക്കല്‍മാത്രം -
പിന്തിരിഞ്ഞോടുക  
വീണ്ടും ഞാന്‍ ബാല്യത്തിന്റെ
കുളിര് നുകരട്ടെ.
കൌമരവും യ്യൌവനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ

കഷ്ടം................മത്തടിഞ്ഞ മനസ്സേ .......?
എന്തൊരു ഭ്രാന്തന്‍ ചിന്തയാണിത്.....?
കള്ളം പറയരുതല്ലൊ.............
ഞാന്‍ ഇപ്പോള്‍ ഭ്രാന്തന്‍ തന്നെയാണ്
നിയതിയും നിമിത്ത്ങ്ങളും എന്നെ ചങ്ങലക്കിട്ടിരിക്കുന്നു.
****************************************
(മകളുടെ മകനെ ലാളിക്കുമ്പോൾ ഞാൻ ബാല്യത്തിന്റെ കുളിരുനുകരുന്നു...എനിക്കെന്റെ ബാല്യം തിരിക തരേണം... അതോടൊപ്പം എന്റെ പിതാവും ബാലകനാകുന്നു...കാരണം എന്റെ അച്ഛന്റെ പേരാണ് കൊച്ചു മോനിട്ടിരിക്കുന്നത്.....നാരായൺ.... ഒരു ചക്രം പൂർത്തിയാകുന്നു....)
                              

Thursday, June 16, 2011

താളം


                                          താളം
‘തകാരം ശങ്കരപ്രോക്തം
ള കാരം ശക്തിരുശ്ച്യതേ
ശിവശക്തി സമായോഗേ
താള നാമാഭി ധീയതെ‘

ശ്രീ. പരമേശ്വരനിൽ നിന്നും ‘താ‘ എന്ന അക്ഷരവും.പാർവതിയിൽ നിന്നും ‘ളം‘ എന്ന അക്ഷരവും, അങ്ങനെ ശിവശക്തിയുടെ( അർദ്ധനാരീശ്വര സങ്കൽ‌പ്പം) സംയോഗത്താൽ ‘താളം’ എന്ന നാമം ഉണ്ടായി എന്ന് ഞാൻ ആദ്യംകേട്ടത്,പത്ത് വയസ്സുള്ളപ്പോൾ എന്നെ മൃദംഗം പഠിപ്പിച്ച ശ്രി.കുണ്ടമൺ ഭാഗം ശ്രീധരനാശാനിൽ നിന്നായിരുന്നൂ...
          പിന്നെ അക്ഷരച്ചിന്തുക്കളിൽ ചിന്തയുറപ്പിച്ചപ്പോൾ, നാരദമഹർഷിയാൽ വിര ചിതമായ ‘സംഗീത രത്നാകരത്തിൽ’ വായിച്ച കഥ മറ്റൊന്നായിരുന്നൂ......
ഒരിക്കൽ അമിതമായ ദ്വേഷ്യമുണ്ടായപ്പോൾ..ശ്രീ.ശങ്കരൻ കൈലാസത്തിൽ താണ്ഡവമാടി...രുദ്രതാണ്ഡവത്തിന്റെ ദ്രുത ചലനത്തിനിടയിലെപ്പോഴോ സംഹാരകാരകന്റെ കാൽച്ചിലമ്പിൽ ഒരെണ്ണം ഇളകിത്തെറിച്ച് മുകളിലോട്ട് പറന്നു...അത് തിരിച്ച് ഭൂമിയിൽ നിപതിച്ചാൽ സർവ്വതും നശിക്കും എന്ന് മനസ്സിലാക്കിയ ദേവന്മാർ ലക്ഷ്മീ ദേവിയെ ശരണം പ്രാപിച്ചൂ.ലക്ഷ്മീ ദേവി കാര്യം പാർവ്വതിയെ ധരിപ്പിച്ചൂ..അങ്ങനെ ശിവപാദത്തിൽ നിന്നും  മേൽ‌പ്പോട്ടുയർന്ന ചിലങ്കയുടെ ശബ്ദത്തിൽ ‘താ‘ എന്ന അക്ഷരം ഉണർന്നെന്നും, അത്               ഭൂമിയിൽ പതികാതിരിക്കാൻ പർവ്വതപുത്രി തന്റെ വളത് കരം കൊണ്ട്  ആ ചിലങ്കയെ പിടിച്ചെടുത്ത  ശബ്ദം ‘ളം’ എന്നും  അങ്ങനെ  “താളം” എന്ന വാക്കുണ്ടായി എന്നുമാണ്...ത്യാഗരാജ സ്വാമികളുടെ ‘സംഗീത കല്പദ്രുമത്തിൽ’ വേറേയും കഥകൾ കാണപ്പെടുന്നൂ..എന്നാൽ പണ്ടെപ്പോഴോ എന്റെ ചിന്തയിൽ ഉണർന്നത് താലം(ഉള്ളം കൈ) താലത്തോട് ചേരുന്ന ശബ്ദമാണ് താളമായി പരിണമിച്ചത് എന്നാണ്...
കർണ്ണാടക സംഗീതത്തിൽ ഏഴു താളങ്ങളാണുള്ളത്
          “ധ്രൂവം ച മഠൃം ച രൂപകം ച
           ത്സംബയും ത്രിപുടാ തഥാ
           അട താളം ഏക താളം
           സപ്തതാളമിതി ക്രമാത്”

ധ്രൂവ താളം, മഠൃ താളം , ത്സംബ താളം, ത്രിപുടതാളം,അടതാളം, ഏകതാളം, ഇങ്ങനെയാണ് സപ്തതാളങ്ങൾ 
ചതുരശ്രോ,തിശ്ര,മിശ്രം ച
ഖണ്ഡ,സങ്കീർണ്ണ മേവച
ഒരോ താളത്തിനും അഞ്ചുവീതമുള്ള ജാതിപ്രകരണങ്ങളുണ്ട്. ചതുരശ്രം(തകധിമി) തിശ്രം(തക്കിട്ട) മിശ്രം (തകതക്കിട്ട)ഖണ്ഡം(തകധിമിതക്കിട്ട) സങ്കീർണം(തകധിമി തക തക്കിട്ട)  എന്നിങ്ങനെ 7x5 =35 താളവിവരപട്ടികയിലൂടെയാണ് നമ്മുടെ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാം മിക്കപ്പോഴും കേൾക്കുന്ന ആദിതാളംഎന്നത് ‘ചതുരശ്രജാതി ത്രിപുട’യാണു..... ഇതെല്ലാം സംഗീതലോകത്തിൽ ..... എന്നാൽ ഈ പ്രപഞ്ചം ചലനം തന്നെ   താളത്തിലധിഷ്ടിതമാണ്...  
ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് ഒരേ താളക്രമത്തിലാണ്...ആ താളത്തിനു ഭ്രമം സംഭവിച്ചാൽ...അത് ഒരു ചോദ്യഛിഹ്നമായി അവശേഷിക്കുന്നൂ.....
ജീവിത താളം
നമ്മൾ അതിരാവിലെ ഉണരുന്നത് മുതൽ നാം ശ്രദ്ധിക്കപ്പെടുന്നതും, ശ്രദ്ധിക്കപ്പെടാത്തതുമായകേൾവികളിലെല്ലാം ഒരോ താളക്രമങ്ങളുണ്ട്.മുറ്റമടിക്കുന്നതാളം,കിണറ്റിൽ നിന്നും വെള്ളം കോരുമ്പോഴുണ്ടാകുന്ന കപ്പിയുടെ താളം....വെള്ളം പമ്പ് ചെയ്യുന്ന മോട്ടറിന്റെ താളം,തുടങ്ങി മിക്സി പ്രവർത്തിക്കുന്നതും, നമ്മൾ നടക്കുന്നതും ,ഓടുന്നതും, വാഹനങ്ങളുടെ എഞ്ചിൻപ്രവർത്തിക്കുന്നതും,തീവണ്ടിയുടേയും  ,കാളവണ്ടിയുടെ ചക്രങ്ങളുരുളുന്നതും ഒക്കെ ഓരോ തളക്രമത്തിലാണ്. നമ്മുടെ ശരീരത്തിലെ നാഡി സ്പന്ദിക്കുന്നത് നാം അറിയാതറിയുന്ന് ഒരു താളത്തിലാണ്.ആ താളം തെറ്റിയാൽ, ആ സ്പന്ദനത്തിന് ഏറ്റക്കുറച്ചിലുണ്ടായാൽ.............!
ആയൂർവേദ ആചാര്യന്മാർ നാഡിമിടിപ്പിന്റെ താളക്രമം നോക്കിയാണ് ഓരൊരൊ അസുഖങ്ങൾ കണ്ട് പിടിക്കുന്നത്... അലോപ്പതിയിൽ കൂട്ടായി സ്റ്റെതസ്കോപ്പ് വന്നപ്പോൾ താളക്രമം വ്യക്തമായി കേൾക്കാനുള്ള ഉപാധിയായി. ഹൃദയത്തിന്റെ  രക്ത സംക്രമണ താളം നിലച്ചാൽ .... പിന്നെ നാമില്ലാ... നമ്മുടെ മനസ്സിന്റെ നിയന്ത്രണം പോലും താളം ഏറ്റെടുത്തിരിക്കുന്നൂ... ഒരുവന്റെ മാനസിക നില അവതാളത്തിലാകുന്ന അവസ്ഥക്കാണല്ലോ “ അവന്റെ താളം തെറ്റി” എന്ന് നാം പറയുന്നത്.... താളം സർവ്വവ്യാപിയാണ്
                   പണ്ടൊക്കെ പുഞ്ചപ്പാടത്ത് ഞാറ് നടുന്ന കർഷകരുടെ നാടൻ പാട്ടുകൾ പഴയ തലമുറക്കാരുടെ മനസ്സിലും ,നാവിലും ഇന്നും തത്തിക്കളിക്കുന്നുണ്ടാകും
                  ‘ തെയ് തിനന്തോം... തെയ്തിനന്തോം
                    തെയ്തിനന്തോം തെയ് തിന...........’

മൂപ്പൻ( പ്രധാനിയായ കർഷകൻ) പാടുന്ന പാട്ട് ഏറ്റ് പാടി സ്ത്രീകൾ ആ താളത്തിൽ ഞാറ് നടുന്നൂ.മെല്ലെ മെല്ലെ പ്രധാനി പാട്ടിന്റെ താളം കൂട്ടുന്നൂ. അതനുസരിച്ച് കൂടെപ്പാടുന്നവരുടേയും താളം ദ്രുത കാലത്തിലാകുകയും ഞാറ് നടുന്നതിന്റെ വേഗത കൂടുകയും ചെയ്യുന്നൂ.മുപ്പറയും, നാപ്പറയുമെല്ലാം പകലോൻ പടിഞ്ഞാറ് മറയുന്നതിനു മുൻപ് തന്നെ നട്ട് തീരും. ഇതു തന്നെയാണ് വള്ളം കളിയുടെ രസതന്ത്രവും.  പണ്ട് കൈവണ്ടിയിൽ. ഭാരം വളിച്ച് കൊണ്ട് പോകുന്ന ജോലിക്കാർ പാടുന്ന ‘ തൂക്കിവിടയ്യാ ഏലേസാ...ഏറിപ്പോട്ടേ ഏലേസാ...” എന്ന പാട്ടിന്റെ താളവും, ഇത്തരത്തിൽ വേഗതകൂട്ടി ഭാരം എത്തേണ്ടിടത്ത് എത്തിക്കുന്നതിന്റെ പൊരുൾ തന്നെ....                          പഞ്ചാരി മേളമായാലും , പാണ്ടി മേളമായാലും അതിന്റെ ദ്രുതകാല പ്രമാണത്തിൽ  നാമറിയാതെ നമ്മുടെ മനസ്സും, പാദങ്ങളും ആടിപ്പോകുന്നതും താളത്തിന്റെ മാസ്മരിക ശക്തി തന്നെ....
 കുഴിത്താളം( ചിങ്കി,ജാലർ എന്നൊക്കെ വിളിപ്പേരുണ്ട്) എന്ന ഉപകരണമാണ് മേളത്തിന്റെ അമരക്കാരൻ.....
                   ‘താളക്കാരന് മാത്ര പിഴച്ചാൽ
                   തകിലറയുന്നവനവതാളത്തിൽ‘
അമരക്കാരന്റെ ചെറിയൊരു തെറ്റ് മതി തകിൽ വായിക്കുന്നവന് വലിയൊരു തെറ്റായിത്തീരുവാൻ. നാം ഓരൊരുത്തരും അമരക്കാരാണ് ,നമ്മുടെ കയ്യിൽ കുഴിത്താളവുമുണ്ട്... അത് ഒരിക്കൽ പോലും പിഴക്കരുത്... പിഴച്ചാൽ,നമ്മുടെ കൂടെയുള്ള വർക്കും, പിന്നാലെ വരുന്നവർക്കും താളം നഷ്ടപ്പെടും...വീടിന്റെ,നാടിന്റെ,ലോകത്തിന്റെ താളം തെറ്റാതിരിക്കുവാൻ നമ്മുടെ കൈയ്യിലെ ‘കുഴിത്താളം’ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക.............
സമർപ്പണം, പതിനാറ് വർഷത്തോളം എന്നെ മൃദംഗം പഠിപ്പിച്ച സർവ്വശ്രീ.ശ്രിധരനാശാൻ, .മാവേലിക്കര വേലുക്കുട്ടിനായർ, മാവേലിക്കര കൃഷ്ണൻ കുട്ടിനായർ എന്നീ ഗുരുക്കന്മാരുടെ പാദങ്ങളിൽ ഞാനിത് സമർപ്പിക്കുന്നൂ.....

Saturday, June 4, 2011

സ്വാപം(കവിത)

                                സ്വാപം


ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;
ഇടവഴിയിൽ കാരയും കള്ളി മുള്ളും താണ്ടി
നോവുന്ന പാദവും വെമ്പുന്ന ഹൃത്തുമായ്
പാന്ഥന്‍ ഞാന്‍ നല്‍വഴി തേടി നടന്നിട്ടും
കാണായ ദൂരത്ത്‌ കണ്ടതില്ല ,
കാണുമെന്നാശയോ കൈവിട്ട നേരത്ത്
കരളുരുകി ചൊല്ലുന്നു കാന്തന്‍
                         ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;

അച്ഛനും അമ്മയ്ക്കും പറ്റിയ കൈപ്പിഴ
കാലത്തിനറിയാതെ വന്ന താളപ്പിഴ
പഴിക്കുന്ന ലോകത്തിന്‍ നടുവിൽ ഗ്രഹപ്പിഴ
പാവം; നീ ചൊല്ലാതെചൊല്ലും ശനിപ്പിഴ
  ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;

ഗാത്രത്തിലെവിടെയും നുറുങ്ങുന്ന വേദന
ഹൃദന്ത വീണക്കമ്പി  പൊട്ടിയ വേദന
ആസ്മ; കൊക്കിച്ചുമയ്ക്കുന്ന വേദന
ശ്വാസത്തിനായി ശ്വസിക്കുന്ന യാതന
തരിശായ ശിരസ്സിലോ എരിയുന്ന വേദന
മരുന്നോടും ഞരമ്പിനു  മരുന്നില്ലാ വേദന
ഒരു കാത് മരവിച്ചു, മറു കാതിൽ  വേദന
ഉറങ്ങാത്ത കണ്ണുകളിലെരിവാര്‍ന്ന വേദന
മരുന്നുള്ളിൽ കാളുന്ന വയറിന്റെ വേദന
മനസ്സിന്‍റെ ഭാരമോ വഴി വിട്ട വേദന
                       ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;

ഇരുപതു  വത്സരം നിന്നെ അറിഞ്ഞില്ല
നീയെന്നെയറിഞ്ഞില്ല ,തെറ്റെന്റെ കീശയിൽ
ഭാരമായ്‌ ഭാരിച്ച കുറ്റബോധഘനം രാരിനെ-
നെല്ലൂരിൽ ഉരുട്ടിക്കയറ്റിയും,പൊട്ടിച്ചിരിച്ചും
പുലഭ്യം പറഞ്ഞും ഞാന്‍ ഇന്നൊരിളയതായ്
നാറാണത്തലയുന്നു.
        
വെട്ടിപ്പിടിക്കുവാന്‍ വെമ്പിയ യൗവനം
വെട്ടേറ്റു വീണതോ എണ്ണാക്കണക്കുകള്‍
ലക്ഷങ്ങൾ ലക്ഷ്യങ്ങൾ തട്ടിച്ചിതറി  
കിട്ടാക്കടമൊരു കിട്ടാക്കടങ്കഥ.
നേടുവാന്‍ തേടിനടന്ന വഴിയൊക്കെയും
നിയതി നിമിത്തങ്ങള്‍  കൊണ്ടടച്ചു.
തകര്‍ന്നുള്ള ജീവിതം എന്നെതകര്‍ത്തു
നിന്‍ സ്വപ്നസാമ്രാജ്യം ഞാന്‍ തകര്‍ത്തു.

കാളക്ക് കഠിനം ഭാരവണ്ടി , മമ
പ്രിയക്കസഹ്യമീ കൽക്കരി പുകവണ്ടി
വേഗതയാര്‍ന്നില്ലൊരിക്കലും ജീവിത
പാളത്തിലിഴയുന്ന തീവണ്ടി .
ഇഴയുന്നോരുരഗത്തിൻ മാളമങ്ങകലെ
എത്തിപ്പെടുവാന്‍ കഴിയില്ല സത്യം ,
        ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;

                     ***************