Saturday, January 15, 2011

വല്മീകം



വല്മീകം (കഥ )
^^^^^^^^^^^^^^^^^^
വാനം കാർമേഘം പുതച്ചിട്ട് മാസങ്ങളായിരിക്കുന്നു.
ഇടിവെട്ടിയാർക്കുന്ന ഇടവപ്പാതിയും തുള്ളിക്കൊരുകുടംപെയ്യുന്ന തുലാവർഷവും കുട്ടികൾക്കു കടങ്കഥയിട്ടു കളിക്കാനുള്ള മിത്തുകളാകുന്നു..
മേടമാസത്തെ കൂട്ടുപിടിച്ച് സൂര്യൻ ഉരുക്കിയിട്ടിട്ടുപോയ ടെറസ്സ് കെട്ടിടത്തിനുള്ളിലെ അസഹ്യമായ ചൂടിനെവെറു ത്ത്, വെടിഞ്ഞ് മുറ്റത്തെ തൈമാവിൻചോട്ടിലെ ചാരുകസാലയിൽ ഞാത്തിയിട്ടിരിക്കുന്ന അറുപതു വാട്ട്സ് വെട്ടത്തിലിരുന്ന് ഒരു തിരക്കഥയ്ക്കു രൂപംകൊടുക്കുകയായിരുന്നു, ഇപ്പോൾ ഇടവേളയായിരിക്കുന്നു. ഒരു സസ്പെൻസ് കഥ. എഴുതിയത് ഒരാവൃത്തി വായിച്ചുനോക്കിയപ്പോൾ എനിക്കുതന്നെ ഭയം തോന്നി.
എന്റെ ഭയത്തെ ഞെട്ടലാക്കിക്കൊണ്ട് കെട്ടിൽക്കിടന്ന “മണിയൻ” കുരച്ചുചാടി.
“നാശംപിടിച്ച പട്ടീ..പേടിപ്പിച്ചുകളഞ്ഞല്ലോ..?”
ഭയത്തോടെയാണ് ഞാനതു പറഞ്ഞതെന്ന് മണിയനു മനസ്സിലായെങ്കിലും കൃത്യം ഉപേക്ഷിക്കാനാവാഞ്ഞ് ശൗര്യം കുറച്ച് വീണ്ടും കുരച്ചുകൊണ്ടിരിന്നു.
മണിയന്റെ അണമുറിയാത്ത അമർഷത്തിന്റെ കാരണം തേടി എഴുത്തുപകരണങ്ങളും മറ്റും താഴത്തു വച്ച് നടന്നു.
ഗേറ്റിൽ നോക്കിക്കൊണ്ടാണ് ശ്വാനഗർജ്ജനം.....
ഗേറ്റിനടുത്തെത്തുമുമ്പേ...പരിചിതശബ്ദം..
“ചേട്ടാ വേഗം കൊളുത്തെടുത്തേ....!”
അത്യാവശ്യമാണെന്ന ധാരണ എന്നെ വേഗമുള്ളവനാക്കി. താഴത്തെ കൊളുത്തെടുത്തുതീർന്ന നിമിഷത്തിൽ ഗേറ്റ് വലിച്ചുതുറന്ന് നാലഞ്ചു ചെറുപ്പക്കാർ വീടിന്റെ വശത്തേക്കോടി.
എട്ടുകെട്ടും പടിപ്പുരയും ഉണ്ടായിരുന്ന തറവാടിന്റെ പൊളിച്ചെഴുത്തിൽ, പേരിനുമാത്രം നിലനിറുത്തിയ പഴയ പടിപ്പുര ലക്ഷ്യമാക്കിയാണ് അവർ ഓടുന്നത്.
“എന്താ, എന്താ അവിടെ......?”
ഭയത്തോടെ അവരുടെ പിന്നാലെ എത്തി, തട്ടിൻമുകളിലേക്ക് ഏണിചാരിക്കയറുന്ന അവ്യക്തരൂപങ്ങളെ നോക്കിച്ചോദിച്ചു
“ആരാ....?
“ഞാനാ...... ഭരതൻ “
“ എന്താണവിടെ ?“
“ ദണ്ഡ തിരയുകയാ “
“എന്തിനാ;ആയുധം”
“ചേട്ടനൊന്നും അറിഞ്ഞില്ലേ ? നമ്മൾ ഹിന്ദുക്കൾ, നപുംസകങ്ങളെന്നാ അവന്റെയൊക്കെ വിചാരം.........”
മറ്റു ചെറുപ്പക്കാർ മച്ചിൻമുകളിലെത്തിയതായി ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞു.
“ ഭരതാ എന്താണിങ്ങനെ.........എന്തുണ്ടായി.......?”
“ അവരും ഉണ്ടാക്കി”
ഒന്നും മനസ്സിലാകാതെനിന്ന അവസ്ഥയെ ഇരുട്ടിലും മനസ്സിലാക്കിക്കൊണ്ട് ഭരതൻ തെളിച്ചുപറഞ്ഞു,
“ അവരും ഉണ്ടാക്കിയെന്ന് ............. ചാവേർ സംഘം”
വേണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷേ അടക്കിനിറുത്തുംമുൻപേ പുറത്തുചാടി.
“ ഉണ്ടാക്കിച്ചതല്ലേ......?
“ ആര്............?”
പേടിപ്പെടുത്തുന്ന ചലനവേഗത്തോടെ ഭരതൻ, എനിക്കുമുൻപിൽ വന്ന് നിന്നു. ചോരത്തിളപ്പേറ്റുന്ന ശ്വാസം എന്റെ മുഖത്ത് തീക്കാറ്റൂതി.......
“ ആരുണ്ടാക്കിയെന്നാ ചേട്ടൻ പറയുന്നത് ?”
ചലനത്തെപ്പോലെ ചടുലമായ വാക്കുകൾ.
“ നിങ്ങൾ”
തറപ്പിച്ചാണ് പറയാൻ ശ്രമിച്ചതെങ്കിലും ശബ്ദം ചിലമ്പിപ്പോയി.
“നിങ്ങളോ......... ഓഹോ..എന്നാണു സുന്നത്തു നടത്തി മറ്റവനായത്?”
അവന്റെ കണ്ണുകൾ തീക്കട്ടകളായി. ഉലയിൽനിന്നു ചുട്ടുപഴുപ്പിച്ചെടുത്ത ചുരികയെ നോട്ടങ്ങൾ കടംകൊണ്ടു. ഇരുട്ടിലൂടെ പാഞ്ഞുവരുന്ന ചുരികദ്വയം
കണ്ണുകളി‍ൽ കുത്തിക്കയറുന്നതായിത്തോന്നി.
“ഇരുപത്തിയെട്ടു വർഷങ്ങൾക്കു മുൻപ്, ചേട്ടനല്ലേ എന്നെ അമ്പലത്തിനടുത്തുള്ള മൈതാനത്തിലെ ‘സംഘസ്ഥാനിൽ‘ കൊണ്ടു പോയി ‘നസ്തേ സദാ വത്സലേ മാതൃഭൂവേ..........’എന്ന പ്രാർത്ഥനാഗാനം ചൊല്ലിപ്പഠിപ്പിച്ചും, നമ്മൾ ഹിന്ദുക്കൾ സംഘടിക്കേണ്ട ആവശ്യകതയെപ്പറ്റിയും ഘോരഘോരം പ്രസംഗിച്ചതും”
അവന്റെ ശബ്ദത്തില്‍ ഖഡ്ഗം രാകുന്നതിന്റെ രവം കുടിപാർത്തു. അരവും വാൾത്തലയും ഉരുമുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ ശബ്ദം പടവുകൾ കയറി. ആരോഹണം.
ഞാനതു കേൾക്കുന്നില്ല......,മറുപടി പറയുകയായിരുന്നു. നാവുകൊണ്ടല്ല..... ഭൂതകാലത്തെ കൈയെത്തിപ്പിടിച്ച മനസ്സുകൊണ്ട്. അവനോടല്ല.,എന്നോടുതന്നെ.
മദ്യവും കഞ്ചാവും ചെറുപ്പക്കാരുടെ ചെറുപ്പത്തിന്റെ പ്രതീകമായി മാറിക്കൊണ്ടിരുന്ന കാലഘട്ടം. ആശിച്ചതു ലഭിക്കാതെ വന്നപ്പോൾ, അടക്കിനിറുത്തിയിരുന്ന അമർഷം അതിക്രൂരവിപ്ലവത്തിലേക്കു തിരിച്ചുവിടാൻ വെമ്പൽകൊണ്ട യുവത്വത്തിന്റെ ചിന്ത മരവിച്ച കാലഘട്ടം.അന്തജനും അഗ്രജനും വർഗ്ഗവും വർണ്ണവും ഇല്ലാത്ത ചെറുപ്പക്കാരെ വാർത്തെടുത്ത സംതൃപ്തിയോടെ ഞാൻ അവർക്കന്ന് അഗ്രേസരനായി. അഭ്യാസത്തില്‍നിന്നുടലെടുക്കുന്ന മനോധൈര്യത്തിനു മാദ്ധ്യമമായാണ് അന്ന് കളരിയും കബഡിയും ആയുധവുമൊക്കെ പരിശീലിപ്പിച്ചത്. അന്നു ഭരതനു പത്തുവയസ്സോളം പ്രായം വരും.
“എത്രയാ?”
ഭരതന്റെ ഉച്ചത്തിലുള്ള ചോദ്യം എന്നെ ചിന്തയിൽനിന്നുണർത്തി.
ഇരുട്ടിൽനിന്ന് ആരുടെയോ മറുപടി.
“പത്ത്"
“പത്തെങ്കിൽ പത്ത് അത്രയും ആയല്ലോ; അമ്പലത്തിന്റെ കിഴക്കേ നടയിൽ, നമ്മുടെ സേവകർ കാത്തുനില്പ്പുണ്ട് ഇതുംകൂടെ , വേഗം അവിടെ എത്തിക്കൂ”
ഭരതന്റെ ശബ്ദത്തിനു ആജ്ഞയുടെ ഗാംഭീര്യം !
“ ഭരതാ ..ഇതെന്തിന്റെ പുറപ്പാടാ..?"
ശബ്ദത്തിനു ചിലമ്പലിന്റെ നേർമ്മ. അവനറിഞ്ഞൂ, ഉള്ളിൽ ചിരിച്ചുകാണുമോ, എന്റെ തളർച്ചയ്ക്കും, അറിവില്ലായ്മയ്ക്കും മുമ്പിൽ അവൻ വാചാലനായി, അദ്ധ്യാപകനായി!
“ആർഷഭാരതത്തിന്റെ അടിത്തറയാണു ഹിന്ദുമതം. അതിന്റെ ആണിക്കല്ലാണു നമ്മുടെ സംഘടന. അല്ലാതെ ഭാരാതാംബയെ മാനഭംഗപ്പെടുത്തി, കൈകാലുകൾ വെട്ടിമാറ്റി, പരിശുദ്ധരുടെ നാടു പണിത മറ്റവന്മാരുടെ...;”
ആവേശം കിതപ്പായി, കിതപ്പ് വായ്ത്താരിക്ക് അർദ്ധവിരാമമിട്ടു. ഇടവേളയിലെപ്പോഴോ. നാവനങ്ങി.
“ഭരതാ‍..അതന്നത്തെ ഭരണകർത്താക്കളുടെ ചിന്തയിലെ വൈകല്യമായിരുന്നു. പിന്നെ; വിദേശികളുടെ തന്ത്രമായിരുന്ന ഭിന്നിപ്പിച്ചു ഭരിക്കലിന്റെ ദൂഷ്യഫലവും..... പക്ഷേ... ഇപ്പോൾ ഈ ആയുധശേഖരണത്തിന്റെ പ്രസക്തി?”
പൂർവാധികം ശക്തിയോടെ ഭരതന്റെ വാക്കുകൾ അണമുറിച്ചാർത്തു.
“ഇന്നലെ കവലയിലെ ചന്തയിൽവച്ച് നമ്മുടെ രാഘവനെ മീൻകാരൻ സത്താറ് തല്ലി. കാരണം തിരക്കിച്ചെന്ന നമ്മുടെ സംഘക്കാരെ അവന്റെ ആളുകളെ വടിയും കല്ലുംകൊണ്ട് ആക്രമിച്ചു. പ്രാണരക്ഷാർത്ഥം നമ്മുടെ പ്രവീൺ മീൻ വെട്ടാനുപയോഗിക്കുന്ന കത്തിയെടുത്ത് അറിയാതെ ഒന്നു വീശിക്കാണും. സത്താറിന്റെ കൈപ്പത്തി തറയിൽ തെറിച്ചുവീണെന്ന്.പ്രതികാരമാണുപോലും പ്രതികാരം!!, ഇന്നു വൈകുന്നേരം അവന്മാർ നമ്മുടെ സംഘസ്ഥാനില്‍ കയറി ഫോട്ടോകൾ തല്ലിത്തകർത്തു.ധ്വജസ്തംഭത്തെ തകർത്തെറിഞ്ഞു. ആളുകളെ മൊത്തം അടിച്ചുചതച്ചു. പ്രവീണിന്റെ നില വളരെ ഗുരുതരമാണ് .മെഡിക്കൽ കോളേജിലെ ഐ.സി.യൂവിലാണ്,അവനെന്തെങ്കിലും പറ്റിയാൽ,.............?
ഭൂമിയെ ചവിട്ടിമെതിച്ച് ഭരതൻ നടന്നുപോയി. അറിയാതെ മനസ്സ് തേങ്ങി, പ്രവീണിനൊന്നും സംഭവിക്കരുതേ!
ചാരുകസാലയിൽ വന്നുകിടന്നു. എഴുതാൻ ശ്രമിച്ചൂ. വിരലുകൾ മരവിച്ചിരിക്കുന്നുവോ ? വായിക്കാൻ ശ്രമിച്ചു, അക്ഷരങ്ങളില്ല... താളുകളിൽ കറുത്ത പൊട്ടുകൾമാത്രം.
മത്സ്യക്കച്ചവടത്തിൽ, ചില്ലറപ്പൈസയ്ക്കുവേണ്ടിയുള്ള വിലപേശൽ ഇതാ ജാതിപ്പിശാചിന്റെ സംഹാരതാണ്ഡവത്തിന് ജതിസ്വരമാകുന്നു. ചാരിക്കിടന്നു. കണ്ണുകൾ മെല്ലെ അടച്ചു.
‘മിസ്റ്റർ.. നായർ; അന്ന് നിങ്ങൾ ആരോഗ്യമുള്ള, സഹൃദയത്വമുള്ള പുതിയ ചെറുപ്പക്കാരെ വാർത്തെടുക്കുവാൻ വേണ്ടിയാണ് അഭ്യാസങ്ങൾ പരിശീലിപ്പിച്ചത് പക്ഷേ; ഇന്ന്, ആഭാസമായി പ്രയോഗിച്ച് അപരന്റെ ശിരസ്സ് തകർക്കാൻവേണ്ടി ആ ആയുധങ്ങൾ നിങ്ങളുടെ പടിപ്പുരയില്‍നിന്ന് എടുത്തുകൊണ്ടുപോയിരിക്കുന്നു. അന്നതവിടെ കൊണ്ടിട്ടശേഷം നിങ്ങളവയൊക്കെ അവഗണിച്ചു. പരിഗണിച്ച ഭരതനും കൂട്ടരും അതെടുത്തുകൊണ്ടുപോയപ്പോൾ, നിങ്ങളെന്തേ തടഞ്ഞില്ലാ?ഭീരു...ഒരുകാലത്ത് അനുയായികളായിരുന്നവരെ നിങ്ങളിപ്പോൾ പേടിക്കുന്നൂ...അല്ലേ... ?’
ആരാണ് ചോദ്യകർത്താവ്..?..ചുറ്റും നോക്കി. ഇല്ല..ആരുമില്ല..
‘അതോ നിന്റെ സഹോദരങ്ങളെ കശാപ്പുചെയ്യാൻ നീയും കൂട്ടുനില്ക്കുന്നോ?’
“ഇല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ”
ഉറക്കെ വിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. ചുറ്റുപാടും നോക്കി.... ആരാണ്..? ആരാണീ ചോദ്യങ്ങൾ ചോദിക്കുന്നത്, ഇരുളിൽ എവിടെയാണ് അയാള്‍ ഒളിഞ്ഞിരിക്കുന്നത് ?
‘ഇരുളിലല്ലാ.....സൂക്ഷിച്ചുനോക്കൂ....നിങ്ങളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന എന്നെ....എന്താ മനസ്സിലായില്ലേ....?
മനസ്സിലായി................... !
‘പക്ഷേ; തടുക്കുംമുൻപേ അവർ പടിതാണ്ടിക്കഴിഞ്ഞിരുന്നൂ... കാലത്തെപ്പോലെ വേഗത്തിലാണ് അവരുടെ നീക്കങ്ങൾ... മുന്നും പിന്നും ചിന്തിക്കുന്നില്ല. ഇടവും വലവുംനോക്കുന്നില്ല.... ഇന്നത്തെ യുവത്വത്തിന്റെ ശാപമാണത്... ശാപമോക്ഷത്തിനവർ ശ്രമിക്കുന്നില്ല...കൊടുത്താൽത്തന്നെ സ്വീകരിക്കാനും തയ്യാറല്ലാ...ഞാൻ അശക്തനാണ് ; മനസ്സേ....'
‘ഇല്ല; വൈകിയിട്ടില്ലാ....പോകൂ.... അവരുടെ പിന്നാലെ പോയി, മറികടന്ന് മുന്നിൽച്ചചെന്ന് തടുക്കൂ‘
‘എന്നേയും ചവിട്ടിമെതിച്ച് കടന്നുപോയാലോ ?
‘ഫ ; ഭീരൂ.....പോകാനാ പറഞ്ഞത്’
മനസ്സലറി.
‘പെറ്റിട്ടാൽ പോറ്റാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ എന്തിനതു ചെയ്തു? പോറ്റിയവൻ രക്ഷകനാണ്, രക്ഷകനു ശാസിക്കാനും, ശിക്ഷിക്കാനും അവകാശമുണ്ട്’
മനസ്സിന്റെ ധൈര്യം, കാലുകൾ കടംകൊണ്ടുനടന്നു...അല്ല...ഓടി...ഗേറ്റ് വലിച്ചുതുറന്നു.
“ ജയ് കാളി മാതാ !!!!!! ”
അടുത്തെവിടെയോ സമുദ്രം അലറുന്നതുപോലെ; ‘ഹിന്ദുക്കളുടെ‘ രണഭേരി.
ഓട്ടത്തിനെ തടുത്തുകൊണ്ട് മുഖത്ത് ശക്തിയായി പ്രകാശം വന്നുപതിച്ചൂ. പിന്നെ അല്പം തിരിഞ്ഞ് വെട്ടം അരികിലെത്തി അണഞ്ഞു. മോട്ടോർ സൈക്കിൾ;
അനുജൻ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് എത്തിയതാണ്. ഒരു കാൽ തറയിലൂന്നി, മോട്ടോർ സൈക്കിൾ ബാലൻസ് ചെയ്തുകൊണ്ട് അവൻ :
“ചേട്ടാ.. വേഗം അകത്തുകടന്ന് ലൈറ്റെല്ലാം അണച്ച് കിടക്കണം. ആരു വന്നുവിളിച്ചാലും ഗേറ്റു തുറക്കണ്ടാ. ആകെ ബഹളമാ... ചേട്ടനെയെങ്ങാനും പുറത്ത് കണ്ടാൽ....?
“തെരുവിലെന്താ നടക്കുന്നത് ?”
എന്റെ ശബ്ദത്തിൽ രോദനത്തിന്റെ ലയം ഇഴതുന്നിയത് ഞാൻ അറിഞ്ഞു.
“മെഡിക്കൽ കോളേജിൽ കിടന്ന പ്രവീൺ മരിച്ചു”
“ മൈ ഗോഡ്....... !”
ഇപ്പോൾ ശബ്ദം തീർത്തും രോദനത്തിൽ മുങ്ങിപ്പോയി.
“തെരുവിലെ മുസ്ലീംദേവാലയത്തിലേക്കു ഹിന്ദുസംഘടനയുടെ പട നീങ്ങിക്കഴിഞ്ഞൂ. എതിർപാർട്ടിക്കാരും പടയൊരുക്കം നടത്തുന്നുണ്ട്.”
കർണ്ണങ്ങളിൽ, കത്തി രാകുന്നതിന്റേയും, വടി വീശുന്നതിന്റേയും ആരവം.
“ ബോലോ...തക് ബീർ”
മറ്റൊരു തീവരം ഇരമ്പിയാർക്കുന്നൂ. പിന്നിൽ അനുജൻ എന്തൊക്കെയോ വിളിച്ചുപറയുന്നു.ഒന്നും വ്യക്തമായില്ല. ഓടുകയായിരുന്നു.
നാട്ടിലെ പെരുംതച്ചനാണ് കൃഷ്ണനാശാരി, ഭരതന്റെ പിതാവ്. വീടു വയ്ക്കുന്നതിനും കിണറു കുഴിക്കുന്നതിനും കുളം കുഴിക്കുന്നതിനുമൊക്കെ ‘സ്ഥാനം’ കാണുന്നത് ഇന്നും കൃഷ്ണനാശാരിയാണ്. നിലവിളക്കും നിറനാഴിയുംവച്ച് കൃഷ്ണനാശാരി സ്ഥാനംകണ്ട് ഹരിഹരൻ മേസ്തിരി പണിത മുസ്ലീംദേവാലയം തകര്‍ക്കാനാണ് ഭരതനും കൂട്ടരും പോയിരിക്കുന്നത് .........
എന്റെ കാലുകൾക്കു വേഗം കുറയുന്നുവോ ?
ജമാ‍അത്തിലേക്കുള്ള ദൂരം കൂടുന്നുവോ ?
“ ജയ്...കാളീ മാതാ ! ”
ആർത്തലച്ച് സമുദ്രം അടുത്തെത്തി. തടുക്കാനായി നടുറോഡിൽ കൈ നിവർത്തിനിന്നു. പക്ഷേ ആ കുത്തൊഴുക്കിൽ ഒലിച്ചുപോയി. അലയിളക്കത്തിൽ മറിഞ്ഞുവീഴാൻതുടങ്ങുമ്പോൾ, ആരോ കൈയെത്തിപ്പിടിച്ച് കരയിലൊതുക്കിനിറുത്തി.
“എന്താ ചേട്ടാ... ഈ കാട്ടണെ...വട്ടായോ? ചേട്ടനെ അറിയാത്തവരായി പലരുമുണ്ട് ...ഈ കൂട്ടത്തിൽ....ഞാൻ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ?”
ഭരതന്റെ മുഖത്ത് ദ്വേഷ്യഭാവം....
“ചവിട്ടിയരയ്ക്കട്ടെ....കൊന്നുകൊലവിളിക്കട്ടെ, അതിനുള്ള പുറപ്പാടാണല്ലോ,അല്ലേ... ?
വിറയ്ക്കുകയായിരുന്നു. !
നിയന്ത്രിക്കാൻ ശ്രമിച്ചൂ........ !
യാചിച്ചു .. !
“ ഭരതാ ദയവായി മുസ്ലീംപള്ളി തകർക്കരുത് ”
അവന്‍ പൊട്ടിച്ചിരിച്ചൂ, ദിഗന്തങ്ങളിൽ അതു മാറ്റൊലിക്കൊണ്ടൂ. രാവണന്റെയോ, ഹിഡുംബന്റെയോ, ഭീമന്റെയോ ദുശ്ശാസനെന്റെയോ, ഇദിഅമീന്റയോ, ഗോഡ്സെയുടെയോ ജിന്നയുടേയോ ആരുടെ മുഖമാണ് അവൻ കടംകൊണ്ടത്.......... ?
“ഭരതാ... നിന്റെ അച്ഛനാണ് ആ ദേവാലയത്തിന് സ്ഥാനം കണ്ടത് !”
ചിരി നിറുത്താതെ അവൻ ഗർജ്ജിച്ചു.
“അത് തകർന്നടിഞ്ഞിട്ട് നിമിഷങ്ങൾ കഴിഞ്ഞൂ “
ചിരി മാഞ്ഞ മുഖത്ത് കോപത്തിന്റെ വേരോടി., തേരിലിരുന്ന് യോദ്ധാവിന്റെ ഞാണൊലി.
“ കോണ്ട്ട്രാക്റ്റർ സൈനുദീൻ കുറഞ്ഞ തുകയ്ക്കു ലേലംവിളിച്ച് നിർമ്മിച്ച നമ്മുടെ ശിവക്ഷേത്രം അവന്മാർ ബോംബുവച്ചുതകർത്തു; പൂജാരിയെ വെട്ടിക്കൊന്നു. തല റോഡിൽകിടന്ന്കിളിത്തട്ടുകളിക്കുന്നു.
എന്താ,അതറിഞ്ഞില്ല അല്ലേ ?”
ഭഗവാനേ! ഇത്ര ക്ഷണത്തിൽ, ഇത്രയൊക്കെ നടന്നോ....!
“ ഭരതാ നിങ്ങളെന്തിനു പഞ്ഞിക്കെട്ടിന് തീ കത്തിച്ചൂ... അത് ആളിപ്പടരില്ലേ...? യുദ്ധം മതിയാക്കൂ... അണികളെ തിരിച്ചുവിളിക്കൂ...രക്ഷാബന്ധനമഹോത്സവം കൊണ്ടാടി, പരസ്പരം കൈത്തണ്ടയിൽ രാഖി കെട്ടി സൗഹൃദം പങ്കിടുന്നവരല്ലേ നമ്മൾ.നമ്മളിൽ ആരാണ് മതഭ്രാന്തിന്റെ കടുത്ത വിഷം കുത്തിവച്ചത്?”
അതൊന്നും കേൾക്കാൻ ഭരതനുണ്ടായിരുന്നില്ല... അവൻ തിരക്കിലായിരുന്നു.
കാറ്റിനു നിണത്തിന്റെ മണം;
പോർവിളിയുടെയും, ദീനരോദനങ്ങളുടെയും ശബ്ദം അസഹ്യമാകുന്നു.
ശരിരം തളരുന്നു.......
പൈദാഹം വളരുന്നു..
കുരുക്ഷേത്രഭൂമിയിൽ ഞാൻ ഒറ്റയ്ക്കാകുന്നു
എന്റെ മുസ്ലീംബന്ധുക്കളേയും സഹോദരന്മാരേയും കാലപുരിക്കയക്കുന്ന, എന്റെ സഹോദരന്മാരെ എയ്തുവീഴ്ത്താനുള്ള ഗാണ്ഡീവം എന്റെ കൈയിൽനിന്നു വഴുതിവീണിരിക്കുന്നു. എവിടെ...എവിടെയാണ്, എനിക്ക് ആത്മബലം നല്കാറുള്ള, ഉപദേശം തരാറുള്ള എന്റെ സാരഥി...
അങ്ങ് എവിടെ മറഞ്ഞിരിക്കുന്നു....??
ഈ കുരുക്ഷേത്രഭൂമിയിൽ തളർന്നിരിക്കുന്ന ഞാനിനി എന്താണു ചെയ്യേണ്ടത്? 
“പോകൂ.. സ്വന്തം വീട്ടിലേക്ക് പോകൂ... കണ്ണും കാതും മൂടി കമി ഴ്ന്നുകിടന്നുറങ്ങൂ..അല്ലെങ്കിൽ .... ? .“അല്ലെങ്കിൽ.. “ പറയൂ ,അതാണെനിക്കറിയേണ്ടത് ?”
“ അകത്തളത്തിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ആയുധമുണ്ടല്ലോ..! അതെടുത്ത് വരൂ. എന്നിട്ട് ഭരതന്റെ പക്ഷം ചേർന്ന് ശ്രീരാമനാകൂ... അല്ലെങ്കിൽ; ദുര്യോധനന് കർണ്ണനാകൂ”
ഉള്ളിൽനിന്നു സാരഥി ഗർജ്ജിച്ചു. ആജ്ഞാസ്വരത്തിന്റെ ഉന്മാദത്തിൽ കാലുകൾക്ക് ചിറകുകൾ മുളച്ചു.അനുസരിക്കാത്ത സ്വന്തക്കാരെ മിത്രങ്ങളായി കാണാൻ എനിക്കിനി വയ്യ. അന്യവീട്ടിലെ കുട്ടിയെ ശാസിക്കുന്നതിനേക്കാൾ ഉത്കൃഷ്ടമാണ് തെറ്റ് ചെയ്യുന്ന സ്വന്തം വീട്ടിലെ കുട്ടിയെ ശിക്ഷിക്കുന്നത്.... അല്ലാ.... കൊല്ലുന്നത്!
എന്റെ നരച്ച മുടി കറുക്കുന്നു. ജരബാധിച്ച തൊലികൾക്ക് മിനുപ്പിന്റെ ചാരുത. ഞരമ്പിലോടുന്ന രുധിരത്തിനു ചൂടുപിടിക്കുന്നു. ഞാൻ യുവാവാകുന്നു. യുവത്വം ചിന്തിച്ചു. ചിന്തയിൽ, വീടിന്റെ രഹസ്യമുറിയിലിരിക്കുന്ന തോക്ക് തെളിഞ്ഞു. അതെനിക്കു തന്നത് കൂപ്പുകോണ്ടട്രാക്റ്ററായ നാരായണനാണ്. വിശ്വസ്തനായ സുഹൃത്തിന്റെ പക്കൽ രഹസ്യമായ് സൂക്ഷിക്കാൻ തന്നത്. നാരായൺ ആപ്തേ എന്നു ഞങ്ങൾ കളിയാക്കിവിളിക്കാറുള്ള എസ്.കെ.നാരായണൻ.
അടുത്തകാലത്തായിരുന്നൂ സംഭവം. ലൈസൻസ് പുതുക്കാനുള്ള സമയത്തിനിടയിൽ അത് സൂക്ഷിക്കാൻ എന്നെ ഏല്പിക്കുമ്പോൾ മറ്റൊരു സുഹൃത്തായ എം.ബഷീർ കൂടെ ഉണ്ടായിരുന്നു.അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റാണ്. കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസ്സ്കാരോടൊപ്പം നിന്ന് മുസ്ലീലീഗിനുവേണ്ടി മത്സരിച്ചുജയിച്ച മേടയിൽ ബഷീർ.എന്റെ സഹപാഠിയും കുടുംബസുഹൃത്തുമാണയാൾ.
മുസ്ലീങ്ങളുടെ ചേരിയിൽ താമസിക്കാതെ, ഞങ്ങളുടെ സമീപത്ത് സ്ഥലം വാങ്ങി, വലിയൊരു വീട് വച്ച് താമസിക്കുന്ന,നാട്ടിലെ എറ്റവും വലിയ പണക്കാരിൽ ഒരാളാണ് മേടയിൽ ബഷീർ.ഭാര്യ മുംതാസ്, മകൾ സുൽത്താന എന്നിവർ മാത്രമടങ്ങുന്ന സന്തുഷ്ടകുടുംബം.
ആ വലിയ വീട്ടിൽ കാവലിനു വേണ്ടി, ഞാൻ തന്നെയാണ് ചെന്നയിലെ ഒരു സിനിമാ നടന്റെ ഗൂർഖയായിരുന്ന സീതാറാമിനെ ബഷീറിന്റെ വീട്ടിനു കാവൽക്കാരനായി കൊണ്ടുകൊടുത്തത്. കുഞ്ഞുങ്ങളില്ലാത്ത എനിക്കും മൈഥിലിക്കും സ്വന്തം മോളെപ്പോലെ ആയിരുന്നൂ, സുലു എന്നു വിളിക്കുന്ന സുൽത്താന. പതിനാലുകാരിയായ സുലുവിനെ കണ്ണെഴുതിക്കുന്നതും പൊട്ടു തൊടീക്കുന്നതും ഗായത്രീമന്ത്രം ചൊല്ലിപ്പഠിപ്പിക്കുന്നതും മൈഥിലിക്കു ഹരമാണ്.
‘സ്വാമിയെ.....അഴൈത്തോടി..... വാ .... സഖിയേ....ഇന്തെൻ......................‘
പുരന്തരദാസന്റെ തോടിരാഗത്തിലുള്ള കൃതി. സുലു നന്നായി നൃത്തംചെയ്യും. ഭരതനാട്യത്തിലെ ഭാവതാളലയങ്ങൾ ഉൾക്കൊണ്ട്. അവൾ അമ്മ എന്നു വിളിക്കുന്ന മൈഥിലിയാണ് അതിലും ഗുരു. എന്റെ വകയായി ശാസ്ത്രീയസംഗീതവും. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ സുലുവിന്റെ ചിരി ഞങ്ങളുടെ വീട്ടിൽ മണി കിലുക്കാറുണ്ട്.......
“ ജയ്.... കാളി മാതാ !!!”
സമുദ്രം പൊഴിമുറിച്ചടുത്തു.!
“ ബോലോ.....തക് ബീർ”
അടിത്തെവിടെയോ മറ്റൊരു വാരിധി ഇരമ്പിയാർത്തു.....!
പ്രളയം!!
കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേൾക്കാതെ നടന്നൂ.
മഹാത്മന്റെ പാദങ്ങളിൽ തൊട്ടുപ്രണമിച്ച് അദ്ദേഹത്തിന്റെ മാറിനു നേരെ നിറയൊഴിച്ച ഹിന്ദുവിന്റെ മുഖം;
അയാളുടെ കൈയിലെ തോക്കിന്റെ രൂപം നുഴഞ്ഞുകയറിയും നിവർന്നുകയറിയും തങ്ങളുടെ മതത്തിന്റെ പേരു പങ്കിലമാക്കുന്ന നസീറിന്റേയും മുഹമ്മദിന്റേയും കൈകളിലെ തോക്കിന്റെ രൂപം....
വീട്ടിന്റെ ഉള്ളറയിലെ തോക്കിന്റെ ദൃശ്യം.
ചുണ്ടിൽ ചിരി പടർന്നൂ....
അമർഷത്തിലാണ്ട വികൃതമായ ചിരി;
ചിരിയും ചിന്തയുമല്ലാ ഇപ്പോൾ വേണ്ടത്. പ്രവൃത്തിയാണ്......
നാലഞ്ചു വീടുകൾകൂടെ താണ്ടിയാൽ വീട്ടിലെത്താം. ഉള്ളറയിൽ കടക്കാം. തോക്കെടുക്കാം. സൃഷ്ടിച്ച അണികളുടെ നിരയെ നോക്കി സംഹാരകർമ്മം നിർവ്വഹിക്കാം.അവർ അമ്പരപ്പിൽനിന്നു മുക്തമാകുന്നതിനു മുമ്പുതന്നെ എനിക്കു പ്രായശ്ചിത്തംചെയ്യാം. ഈ തെരുവിലൊരു വർഗ്ഗീയലഹളയുടെ വിത്തു വിതയ്ക്കാൻ അനുവദിച്ചുകൂടാ.
“വാതിൽ തുറക്കടാ..നായേ....ഇല്ലെങ്കിൽ ഞങ്ങൾ ചവിട്ടിപ്പൊളിക്കും”
“വേണ്ട സാഹേബ്.....സീതാറം ഹിന്ദുവാണ്.....മുസ്ലീമിന്റെ വീട്ടിൽ കടക്കാൻ,ഈ സമയത്ത്സീതാറാം തടസ്സമാവില്ല”
വളരെ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് സീതാറം ഗേറ്റ് തുറന്നുകൊടുത്തു
സീതാറം അടക്കമുള്ളവർ.തീപ്പന്തങ്ങളുമായി,ബഷീറിന്റെ വീട്ടിനുള്ളിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. ഓടി, അടുത്തെത്താൻ ശ്രമിക്കുകയാണ് ഞാൻ.... കാലിനു ഭാരക്കൂടുതൽ...... അകത്ത് അട്ടഹാസത്തിന്റേയും ദീനരോദനത്തിന്റേയും ശബ്ദസമ്മിശ്രം.
വീട്ടിന്റെ പിന്നിലൂടെ ആരോ ഇറങ്ങി, ഓടുന്നു.... സുലു.. എന്റെ സുലു......
“ നില്ക്കെടീ.. അവിടെ”
ഇന്നലെവരെ, ‘മേംസാബ്’ എന്നു വിളിച്ച്, പോകുമ്പോഴും വരുമ്പോഴും, ഗേറ്റ് തുറന്നുപിടിച്ച് സല്യൂട്ട് ചെയ്തിരുന്ന സീതാറാമാണ് അവന്റെ ഭാഷയിൽ അങ്ങനെ വിളിക്കുന്നത്. സർവ്വശക്തിയുമെടുത്ത് ഓടുന്ന സുൽത്താനയുടെ പിന്നിൽ, വെറിപൂണ്ട കാട്ടുമൃഗത്തെപ്പോലെ ഓടുകയാണവൻ.
മെയിൻ റോഡിന്റെ വശത്തുള്ള അക്കേഷ്യാമരങ്ങള്‍ക്കിടയിലേക്ക് അവൾ ഓടിമറയുമ്പോഴും, വരില്ലാ എന്നറിഞ്ഞിട്ടും,
“ വാപ്പാ....വാപ്പാ...”
എന്നവൾ ഉറക്കെ വിളിക്കുന്നുണ്ട്...... മാസങ്ങളായി, അവളുടെ വീട്ടിൽ, അവൾക്കുവേണ്ടി കാവൽ നിന്ന, അവരുടെ ശമ്പളം പറ്റി ജീവിച്ചിരുന്ന സീതാറാം ഇപ്പോൾ കാവൽക്കാരനല്ല ‘ഹിന്ദുവാണ് ‘. അവന്റെ ലക്ഷ്യം യജമാനത്തിയല്ല; സുൽത്താന എന്ന മുസ്ലീംപെൺകുട്ടിയാണ്!
“അവള്‍ വിളിക്കുന്നത് നിന്നെയല്ലേ...? അവളെ രക്ഷപ്പെടുത്തേണ്ട വാപ്പയല്ലേ....നീ, പോകൂ....നിന്റെ മകളെ രക്ഷപ്പെടുത്തൂ”
സാരഥി ഉള്ളിൽനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
അവൻ തെളിച്ച പാതയിലൂടെ ഓടി.
ബഷീറിന്റെ വീട്ടിലെ അട്ടഹാസം ദൂരത്തായി....
അക്കേഷ്യാക്കാടിനിടയിലൂടെയാണ് ഇപ്പോൾ ഓടുന്നത്.
അടുത്തെവിടെയൊ അമർത്തപ്പെട്ടതും ഏതോ ഗുഹാമുഖത്തുനിന്നു പ്രതിധ്വനിക്കുന്നതുമായ കരച്ചിൽ. അതോടൊപ്പം ഇരയെ നേരിടുന്ന ഹിംസ്രത്തിന്റെ സ്വരം കടംകൊണ്ട സംസാരം. ഹിന്ദിയിലാണ്......
“ അന്ന് കൽക്കട്ടാ തെരുവിൽ അഴിഞ്ഞാടിയ. ചെകുത്താന്മാർ, കണ്മുന്നിൽ വച്ച് എന്റെ അമ്മയേയും, പന്ത്രണ്ടു വയസ്സ് മാത്രമുണ്ടായിരുന്ന എന്റെ... പാവം... അനുജത്തിയേയും ഇതുപോലെ വേദനിപ്പിച്ചുരസിച്ചപ്പോൾ... എനിക്ക് എതിർക്കാനുള്ള ശക്തിയില്ലായിരുന്നു.ഉണ്ടെങ്കിൽത്തന്നെ....ഞാൻ... ബന്ധനത്തിലുമായിരുന്നു... അന്നു കത്തിപ്പടർന്ന തീ ഇത്രയും കാലം മനസ്സിൽ ജ്വലിച്ചുകൊണ്ടിരിക്കുകയായിരുന്നൂ... എന്നെങ്കിലും... സമയം ഒത്തുവരുന്നതുംകാത്ത്........ ഒന്നെങ്കിൽ ഒന്ന് ... അത്രയും ആയല്ലോ.”
മരങ്ങള്‍ക്കിടയിലെ, കരിയില പുതഞ്ഞ നിലത്ത് വായയും കൈകളും കെട്ടിയിട്ടിരിക്കുന്ന എന്റെ മകളുടെ പുറത്ത് താളത്തിൽ, ആവേശത്തിൽ ചലിക്കുന്ന സീതാറാം, പക തീർക്കുകയാണ്. എന്നോ, ആരോ ചെയ്ത പാതകത്തിന്റെ പക. അവൻ കിതപ്പിലൂടെ പൊട്ടിച്ചിരിക്കുന്നൂ..... ഇസ്ലാമിന്റെ ശരീരത്തിൽ തുളച്ച് കയറുന്ന ഹിന്ദുവിന്റെ ഖഡ്ഗം ഏറ്റുന്ന സുഖത്തിന്റ വിദ്വേഷത്തിന്റെ, വിജയത്തിന്റെ പൊട്ടിച്ചിരി.....
“ നീയും... നോക്കിനിന്ന് രസിക്കുകയാണോ, ഹിന്ദുവേ.?”
‘‘ അല്ലാ‍...അല്ലാ... അരുതാത്തത് കണ്ടപ്പോഴുള്ള ഞെട്ടലിൽ,തരിച്ചുനിന്നുപോയതാണ്”
സീതാറാമിന്റെ, അയഞ്ഞു താണ കാക്കി പാന്റ്സിന്റെ ബൽറ്റിൽ കുടുക്കിയിട്ടിരിക്കുന്ന ‘കൃപാണ്‍’, ‍ നിലാവെട്ടത്ത് കണ്ടു.
പിന്നെ ഒന്നും ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല. അവനറിയുംമുൻപേ, . തുകലുറയിൽനിന്നു കൃപാണ്‍ ഊരിയെടുത്തു. നിമിഷാർദ്ധം;അവന്റെ മുതുകിൽ ആ കത്തി കുത്തിയിറക്കി. ഒരു അലർച്ചയോടെ അവൻ വശത്തേക്ക് ചരിഞ്ഞുവീണു. രക്തംപുരണ്ട കത്തികൊണ്ടുതന്നെ സുൽത്താനയുടെ, സുലുവിന്റെ അല്ല, എന്റെ മകളുടെ കൈകാലുകളിലെ കെട്ട് ഞാൻ അറുത്തുമാറ്റി. പിന്നെ ഒന്നും ഉരിയാടാനാവാൻ കഴിയാതെ നിശ്ചലനായി,
അവൾ എഴുന്നേറ്റുനിന്നു.... നഗ്നയായി.... നിസ്സംഗയായി, പിന്നെ ചുണ്ടിലെവിടെയോ പൊട്ടിമുളച്ച ചിരിയെ കൂട്ടുപിടിച്ച് നാവനക്കി.
“ മിസ്റ്റർ...നായർ ; എന്നെ മനസ്സിലായില്ലേ...? ഞാൻ സുൽത്താന...ഒരു മുസ്ലീംപെൺകുട്ടി.... വൈകിക്കണ്ടാ....അയാൾ അപൂർണമാക്കിയ പ്രക്രിയ നിങ്ങൾക്ക് പൂർണ്ണമാക്കാം, കൈയും കാലുമൊന്നും കെട്ടണ്ടാ. എതിർക്കുകയോ, കരയുകയോ ചെയ്യില്ലാ.... ങും.... വേഗമാകട്ടെ”
കൈയിലെ കത്തി വിറച്ചൂ, ശരീരം വിറച്ചു, മനസ്സ് വിറച്ചൂ, ചുണ്ടുകൾ വിതുമ്പി....
“ മോളേ”
“ അല്ലാ... മുസ്ലീംപെൺകുട്ടി... വരൂ... എന്തിനാ താമസിക്കുന്നത് ?”
കത്തി, അറിയാതെ നിലത്തു വീണു. ഞാൻ കരയുകയായിരുന്നു... ഉറക്കെ.. ഉറക്കെ... ഒരു കൊച്ചുകുട്ടിയെപ്പോലെ....
അവൾ അടുത്തു വന്നു... നിന്നു....
“ കരയണ്ടാ... അങ്ങേയ്ക്ക് ഒന്നും നഷ്ടപ്പെട്ടില്ലല്ലോ..?”
“നഷ്ടപ്പെട്ടു മോളേ.. സൃഷ്ടിച്ചതു നഷ്ടപ്പെട്ടു.....മനസ്സ് നഷ്ടപ്പെട്ടൂ..... മകള്‍ നഷ്ടപ്പെട്ടൂ.... എന്റെ പോറ്റമ്മയേയും എനിക്കു നഷ്ടപ്പെട്ടു, സംസ്കാരവും.”
വേഗത്തിൽ, തടുക്കുംമുൻപേ, അവൾ തറയിൽനിന്നു കൃപാണ്‍ എടുത്ത്, ചിരിച്ചുകൊണ്ട്, ചിരിയിൽ കരച്ചിൽ ഇടകലർത്തി എന്റെ നേരെ നോക്കി . പിന്നെ കത്തി സ്വന്തം വയറ്റിൽ കുത്തിയിറക്കി. വേദന കടിച്ചമർത്തി എന്റെ പാദങ്ങളിൽ കൈ തൊട്ടിരിന്നു :
“ മതിയാക്കാൻ പറയൂ..... അച്ഛാ...
ഇനിയെങ്കിലും....ഇതൊക്കെ... അങ്ങയുടെ സുഹൃത്ത് ബഷീറും മകളെന്നു വിളിക്കുന്ന ഈ സുൽത്താനയും, മറ്റേതോ തെരുവിൽ, വിലാസിനിയും, വിവേകാനന്ദനും, ജോസഫും ബദറുദ്ദീനും..... മരിച്ചുകൊണ്ടിരിക്കുന്നൂ...ഈ മനുഷ്യക്കുരുതി എന്തിനാണ്...... ?”
മരണത്തെ കൈയെത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന എന്റെ സുലുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ എന്റെ സാരഥിയോട് അതേ ചോദ്യം ആവർത്തിച്ചൂ. അവൻ മറുപടി പറഞ്ഞില്ല, മൌനിയായി.ആ മൗനം ഞാൻ കടംകൊണ്ടു......
ഇരു വശങ്ങളിലുമായി സീതാറാമും, സുൽത്താനയും...... !
അല്ല രണ്ടു മരങ്ങൾ.............. !
ഞാനിപ്പോൾ കാട്ടാളനാണ്, രത്നാകരൻ എന്ന കാട്ടാളൻ...........!
ഇരു വശങ്ങളിലും നോക്കി ചുണ്ടുകള്‍ ചലിപ്പിച്ചു.......!
ആമരം , ഈമരം............ !
ലോപിച്ച ചൊല്ല് രണ്ടക്ഷരത്തിലൊതുങ്ങി..... – രാമ -..... ,ആവർത്തിച്ചൂ
തറയിൽനിന്ന് എന്നെ മൂടിക്കൊണ്ട് പുറ്റ് വളർന്നുവരുന്നു.വേഗത്തിൽ,
പുറ്റ് എന്നെയാകെ മൂടിക്കഴിഞ്ഞൂ.....
എന്നാണിതു തകരുന്നത്............. ?
എപ്പോഴാണിതു തകരുന്നത് ........ ?
എന്നെ പൊതിഞ്ഞ വല്മീകം തകർന്നു.. എന്നാണു ഞാൻ-
‘ മാനിഷാദ’ പാടേണ്ടത്............ ?
00000000000000000000000000000000000000000000000000000

Tuesday, January 4, 2011

ശ്ലീലമായ അശ്ലീലം

ഈശ്വരന്റെ ഹിതമനുസരിച്ച് ഒരു പുരുഷൻ  സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ പുരുഷന്റെ ശ്രോണീ പേശികൾ സങ്കോജിക്കുകയും ലിംഗം യോനിയിലേക്ക് കൂടുതൽ ആഴ്ന്ന് ഇറങ്ങുകയും ചെയ്യുന്നു.അതോടൊപ്പം അനൈശ്ചികമായി മുതുക് വളയുന്നത് കൊണ്ട് ശരീരം ഒന്നടങ്കം മുന്നോട്ടായുന്നു.ഈ അവസരത്തിൽ പുരുഷന്റെ ബോധം, ഒരു നിമിഷാർദ്ധത്തിലേക്ക് നഷ്ടപ്പെടുകയും അവന് ബാഹ്യലോകവുമയുള്ള എല്ലാബന്ധങ്ങളും വിഛേദിക്കപ്പെടുകയുംചെയ്യുന്നു. ശക്തമായൊരു ആന്തരിക പമ്പിന്റെ പ്രവർത്തനഫലമായി ഏതാണ്ട് അഞ്ച് മില്ലി ലിറ്റർ ശുക്ലം ആറ് അനുസ്യൂത പ്രവഹങ്ങളുമായി യൊനിയിൽ നിക്ഷേപിക്കപ്പെടുന്നു.പത്ത് സെക്കന്റ് കഴിഞ്ഞ് ഒക്കെ ശാന്തം.....ഓരൊ ബന്ധപ്പെടലിലും,ശരാശരി 500,000,000 ബീജങ്ങൾ വിസർജ്ജിക്കപ്പെടുന്നു.ഒരു പുരുഷൻ തന്റെ ജീവിതത്തിൽമൊത്തം നാലരഗ്യാലൻ (23 ലിറ്റർ) ശുക്ലം വിസർജിക്കപ്പെടുന്നു.അഥവാ ഒന്നര ട്രില്യൻ ബീജങ്ങൾ, താത്വികമയി പറഞ്ഞാൽ ഓരോ പുരുഷനും ഈ ഭൂമിയിലെ ആകെ ജനസംഖ്യയുടെ അഞ്ഞൂറിരട്ടി സന്താനങ്ങളുടെ പിതാവാകാൻ കഴിവുണ്ട്. ഭാഗ്യവശാൽ,ഏതാണ്ട് 288 സംഭോഗങ്ങളിൽ ഒന്നു മാത്രമെ ഗർഭജനകമാകുന്നുള്ളൂ. അവിടെ സാധാരണ ഒരു അണ്ഡവും ഒരു ബീജവും ഉപയൊഗിക്കപ്പെടുന്നുമുള്ളൂ.... ഈശ്വരോ...രക്ഷതു....  
 പിൻ കുറിപ്പ് :- വർഷങ്ങൾക്ക് മുൻപ് ഞാനും പ്രശസ്ത കവി പി.കുഞ്ഞിരാമൻ നായർ അവർകളും                   തിരുവനന്തപുരം വിമൻസ് കോളേജിന്റെ മുൻപിൽ ഒരു സ്നേഹിതനെ കാത്ത് നിൽക്കുകയായിരുന്നു.കോളേജ്വിട്ടു.ധാരയായി ലലനാമണികൾ കവാടത്തിലൂടെ പുറത്തേയ്ക്കൊഴുകി...ആത്മഗതമെന്നൊണം കവി “ഹെന്റെ ഭഗവാനെ...ഇതുങ്ങളൊക്കെ ഒരുമിച്ച് ഇടതടവില്ലതെ മൂന്ന് നാലെണ്ണം പ്രസവിച്ചാലുള്ള സ്ഥിതിയേ.......! യൌവ്വനതിലേക്ക് കടന്നു തുടങ്ങിയ എന്നെ നോക്കി കവി “താങ്കൾ...വല്ലതും കേട്ടോ.....?   ഞാൻ.....   “ഇല്ല...അങ്ങ് പറഞ്ഞത് കേട്ടതുമില്ല...പെൺകുട്ടികൾ...വരുന്നത് കണ്ടതുമില്ല“  

ആചാര്യൻ

                                     ആചാര്യൻ
എഴുത്തിൽ,എഴുത്തച്ഛന്  പിൻഗാമി
“തീക്കടൽ കടഞ്ഞ് തിരുമധുരം“ നൽകിടും
“രാധയുടെപ്രേമവും കൃഷ്ണന്റെ ബുദ്ധിയും“
മേളീക്കും മലയാള ഭാഷയുടെ “മൃണാളമേ“
ചമ്രവട്ടത്തെ സോദരാ നമസ്തുതെ !

“മുൻപേ പറക്കുന്ന പക്ഷി“യാണവിടുന്ന്
“ഭദ്രതയുടെ സമതലങ്ങളിൽ”-“സുദർശനം“
“ദ്വീപിൽ”, “വലിയ ലോകങ്ങളിൽ“,“നിലാവിൽ”,
“വേരുകൽ” പടരുന്ന വഴികളിൽ. “പുഴമുതൽ-
പുഴവരെ”യുള്ള പുളിനങ്ങളിൽ
കഥക്കുള്ള കാര്യങ്ങൾ കണ്ടറിഞ്ഞും.
താൻ തന്നെ കഥയെന്നുള്ളറിഞ്ഞും
“ഒറ്റയടിപ്പാത”യിൽ “ഒറ്റയാൻ” നിൽക്കുന്നു
സഹൃദയാ എന്നുടെ സാഷ്ടാംഗപ്രണാമം

ശാസ്ത്രം പഠിച്ചൂ,  പഠിച്ച പണി ചെയ്തു.
വെള്ളിനക്ഷത്രങ്ങെന്ന് നിനച്ചവർ
പുള്ളിപ്പുലികളായ് നായാട്ടിനെത്തി
(“പുള്ളിപ്പുലികളൂംവെള്ളിനക്ഷത്രങ്ങളും“)
“വേഷങ്ങൾ,” “നിഴൾപ്പാടുകൾ”“മരണശിക്ഷ“
തെല്ലുമമാന്തിച്ചില്ല  കുടിയൊഴിഞ്ഞു......
ബ്ര്യഹദാരണ്യകം  പഠിച്ചെത്തി നിന്നൂ...
കുടുമ്പശ്രീകൊവിലിൽ മണി വിലക്കയ്.
എശുത്താണിത്തുമ്പത്തെ മൂർച്ച ക്കൂട്ടി
മലയാളിപ്പെണ്ണിന് കുളിര് കോരി.

“ഇവിടെ എല്ലാപേർക്കും സുഖം“ എന്നു കോറിയ
വരികളിൽ “നിയതി“യുടെ ചിറകടി നിസ്വനം
“സ്പന്ദമാപിനികളെ നന്ദി “സ്പന്ദനമേറ്റിയ
അപ്പുവിൻ ഹൃദ് സ്വനമാരു കേട്ടൂ.........
(സി.രാധാകൃഷ്ണൻ അവർകളുടെ വീട്ടിലെ പേരാണ് അപ്പു )
“കുറേക്കൂടി മടങ്ങി വരാത്തവർ”,“വേർപാടുകളുടെ
വിരൽ‌പ്പാട് “ തീർക്കവേ........
“കരൾ പിളരും കാല“ത്തെയോർത്തിരുന്നു.
“എല്ലാം മായ്ക്കുന്ന കടലാ“യെങ്കിൽ മനം.

“കൈവഴികൾ” പിരിയുന്ന കുടുംബ ബന്ധങ്ങളിൽ
“കളിപ്പാട്ട”മാകുന്ന “മർത്ത്യ ജന്മ“ങ്ങളിൽ
“മരീചിക”തേടിയലഞ്ഞ”നിഴൽ‌പ്പാടുകൾ”
“ഒരു നിറകൺചിരി”യിലൊതൊങ്ങി നിന്നു.......

“അവിൽപ്പൊതി”യുമായിയീ കുചേലനെത്തീടുന്നു,
അറിവിൻ “നിലാവിനായ്”യിരുകരം നീട്ടുന്നു,
“ആഴങ്ങളിൽ നിന്നോരിറ്റ് അമൃതം“
നൽകണേ അറിവിന്റെ “തച്ചനാരേ”................

കേന്ദ്ര,കേരള,സാഹിത്യാക്കാദമി;എണ്ണിത്തിട്ടപ്പെടാൻ
കഴിയാത്തവാർഡുകൾ.
കരവിരുതിൻ കേമത്തം; വായിച്ചറിഞ്ഞോർ
മനസ്സാലെ നൽകിയ അനുമോദനവാർഡുകൾ
മലയാൾത്തിന്റമ്മ, ലളിതാംബികാന്തര്‍ജ്ജന-
പുരസ്കാരം കരഗതമയതിൽ മോദനം
ഇനിയുമെത്രയോ ഉയരങ്ങൾ താണ്ടുവാൻ
അക്ഷര പുത്രന് കഴിയണേ..... കാലമേ....

അടുത്തറിയാനും, അകമറിയാനും
അടിയന്  കൈവല്ല്യമായ സൗഭാഗ്യാത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്.....
ചന്തുനായർ

(2004-ലെ ലളിതാംമ്പികാ അന്തർജ്ജനം അവാർഡ് ലഭിച്ച എന്റെ പ്രീയ സുഹ്രുത്തും,പ്രസിദ്ധ നോവലിസ്റ്റുമായ ശ്രീ.സി.രാധാകൃഷ്ണൻ ചേട്ടനെ അനുമോദിച്ച് കൊണ്ട്, അദ്ദേഹത്തിന്റെ കൃതികളുടെ നാമങ്ങളുപയൊഗിച്ച് ഞാൻ എഴുതി  പ്രസിദ്ധീകരിച്ച ഒരു കവിത,അദ്ധേഹത്തിന്റെ കൃതികളെ അടുത്തറിയാൻ കുഞ്ഞൂസ്സിന് അയച്ച് കൊടുത്തതാണ് ഈ കവിത. അത് മറ്റുള്ളവർക്കും ഉപകാരപ്പെടും എന്ന അറിവിനാൽ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു...)


Monday, January 3, 2011

തെക്കേ തെയ്യം (കവിത)



ഊട്ട്.....
ഉടകുലപെരുമാളൂട്ട്,
മുട്ട് .....
ചെണ്ടക്കോലുകള്‍ തോലില്‍ മുട്ടണ മുട്ട്,
തട്ട് ....
ഒറ്റക്കമ്പിലിടയ്ക്കത്തോലില്‍ തട്ട്,
പാട്ട് ....
കണിയാര്‍ നന്തുണി തന്തികള്‍ തട്ടിപ്പാട്ട് .
പിന്നെ :
പിണിയാള്‍ പൂപ്പട കൂട്ടി ,
നടുവില്‍ പൂക്കുല നിര്‍ത്തി ,
ചുറ്റും പന്തം നാട്ടി ,
പിന്നില്‍ പീഠമൊരുക്കി,
അതിലൊരു തുമ്പിലയിട്ട് ,
മലരവില് ചൊരിഞ്ഞു ,
കദളിപ്പഴപ്പടലനിരത്തി ,
ചന്തന തിരികള്‍ തിരുക്കി , വക്കുവളഞ്ഞൊരു 
വെങ്കലവൃത്തത്താലത്തില്‍ നിറഭസ്മമെടുത്ത് 
പരത്തി നടുക്കൊരു വിരലാല്‍ കുഴിയും കുത്തി ,
കര്‍പ്പുരത്തിന്‍ കട്ട നിരത്തി .
ശുഭ്രം, വസ്ത്രമെടുത്ത് തെറുത്ത് തിളങ്ങും ,
അയ്ഞ്ചാലുള്ള വിളക്കിനു തിരുത്തുണിയാക്കി .
എണ്ണയൊഴിച്ച്,
തിരികള്‍ നനച്ച്,
വിരളിന്‍തുമ്പത്തിത്തിരിയിറ്റോരെണ്ണമയം
തന്‍ തലയില്‍ തേച്ച് ,
താലത്തില്‍,പന്തത്തില്‍, തിരിയില്‍, ചാലുവിളക്കില്‍
ആദരവിത്തിരിയും കുറയാതെ കത്തിച്ച് ,
ചാഞ്ചാടും നാല്‍ക്കാലികളില്‍ കാല്‍ കാലേലേറ്റി
ഞെളിയും ഗൌരവഭാവം കൊള്ളും  കരയാളരെയും
നോക്കിയൊരറ്റം പറ്റിയൊതുങ്ങി.
പട്ട്..........
അരയില്‍ചുറ്റിക്കെട്ടിയ പട്ട് ,
കെട്ട്......
തലയില്‍ വെള്ളത്തുണിയുടെ കേട്ട് ,
ഇട്ട്‌.....
ഫാലത്തില്‍ ,നെഞ്ചത്തില്‍,മുതുകില്‍ ,കൈകാലുകളില്‍
ചന്തനകുറികളുമിട്ട് ,
പീഠത്തില്‍ മുനയേറും, മുറിയും വടിവാള്‍  തൊട്ട്  വണങ്ങിയ
തുള്ളല്‍ക്കാരന്‍, വെളി കൊണ്ടങ്ങ് വെളിച്ചപ്പാടായ്......
മേളം മുറുകി ...
ചെണ്ട ക്കൊലുകള്‍  പെരുകിയ താളം ധ്രുത ഗതി ,
ആര്‍പ്പ് വിളിച്ചു , പിള്ളേര്‍ ആര്‍ത്തു വിളിച്ചിട്ടലമുറയിട്ടും-
മേളംകൂട്ടി .മെല്ലെ കൈകള്‍ വിറച്ചു .പൂക്കുല തുള്ളി .
ചുണ്ടില്‍ ചെറുചിരി വിറയാര്‍ന്നരമണി ,
ദേഹം തുള്ളി വിറച്ചിട്ടമ്പല മകമതിലോടി നടന്നു് 
വെളിച്ചപ്പാടാ പൂപ്പട തന്നുടെ പിന്നിലിരുന്നിട്ടോരോ ചെരുപിടി ,
പിന്നെ പെരുകിയ പിടിയോരോന്നും ,തലയ്ക്കു് മുകളില്‍,മച്ചില്‍
തട്ടും തക്ക വിധത്തില്‍ വാരിയെറിഞ്ഞു കളിച്ചു രസിച്ചു . 
ചാഞ്ചാടിയിരുന്നൊരു  കാര്‍ന്നോന്മാര്‍ ,കരയാളന്മാര്‍
പെരുമാള്‍ കൂടിയ ദേഹം കണ്ടു വണങ്ങിയെണീറ്റു.
ചാടിയെണീറ്റു. പെരുമാള്‍ ഉറഞ്ഞെണീറ്റു.
മുനയേറും വടിവാള്‍ കയ്യിലെടുത്തു .
താളത്തില്‍ ,മേളത്തില്‍ തിരു നര്‍ത്തനമാടി.
വലുതായൊന്നു ചിരിച്ചു പെരുമാള്‍ വടിവാള്‍ ചുറ്റി  നടന്നു .
ദിക്കുകള്‍ നാലും നോക്കി  വീണ്ടും ഖഡ്ഗം മാറില്‍ .
പെരുമാള്‍ ക്കൂടിയ ദേഹം കണ്ടു് പെരുകിയ കുരവ മുഴക്കി 
വൃദ്ധകള്‍, മദ്ധൃ വയസ്കര്‍ , നമ്ര ശിരസ്കര്‍ തരുണികള്‍
താണുവണങ്ങി.
പിന്നില്‍ ......
അവരുടെ കായസ്ഥം,വടിവുകള്‍ ,മിഴിചലനങ്ങള്‍ നോക്കി-
രസിച്ച് ചിരിച്ച് കളിക്കും തരുണന്മാരിലൊരുത്തന്‍, കാര്യപുടന്‍ ,
നിരീശ്വര ചിന്തകന്‍ ഉര ചെയ്തു....
ഇങ്ങോര്‍, എന്തൊരു കള്ളത്തരമീ വെട്ടുകള്‍ വെറുമൊരുതട്ടിപ്പല്ലേ  
വചനം കേട്ടു.....
പെരുമാള്‍ വാശിയെടുത്തൂ,
വടിവാള്‍ വീശിയെടുത്തൂ,
ചെണ്ട ക്കൊലുകളറയും പോലാ ശിരസ്സില്‍ തുടരനെ വെട്ടി .
പെരുമാള്‍ ഉറഞ്ഞു തുള്ളി ,
ചെണ്ടകളറഞ്ഞുവായിച്ചവരുടെ 
കയ്യുകള്‍ കുഴഞ്ഞു തളര്‍ന്നു ,
പെരുമാള്‍ മറിഞ്ഞു വീണു,
ഘോഷംമുറിഞ്ഞു നിന്നു.
പെരുമാള്‍ ദേഹം വിട്ടോ ?
തെല്ലൊരു സംശയമുള്ളിലോതുക്കി ,
ഉടയോന്‍ കുടിയ ദേഹം കണ്ടുനിറഞ്ഞൊരു മനവും പേറി
ഭസ്മ,നിവേദ്യം വാങ്ങി, ഭക്തജനങ്ങള്‍ മടങ്ങി.
പിണിയാള്‍ ,
തേങ്ങയുടച്ച്, ഇരുപാതികളിലും തിരുതുണി വച്ച് ,കത്തിച്ച്,
കതിനാ വെടികള്‍ മുഴങ്ങി.
വീണ്ടും കര്‍പ്പൂരത്തീ കത്തിച്ച് . ആരതി കൊണ്ടൂ.....
മുന്നേ ചെയ്യും ചെയ്തികളെല്ലാം ചെയ്തിട്ടും മയക്കമുന്നരാതുള്ളൊരു
തുള്ളല്‍ക്കാരന്‍ തന്നുടെ പിന്നിലിരുന്നിട്ട്...പിണിയാള്‍  മെല്ലെ മൃത-
മേനിയതില്‍ തട്ടി വിളിച്ചു.
കണ്ടു ..............
പീഠം നൊക്കീട്ടൊഴുകും ചുടു നിണം  പുഴപോല്‍ ,
ഉത്ഭവ സ്ഥാനം ശിരസ്സില്‍ , ആഴത്തില്‍ മുറിവൊരു പര്‍വ്വത 
ശിഖരം തന്നിലെ പിളര്‍പ്പ് പോലെ  ................... 
              ***************                                                      
സന്ധ്യ മടങ്ങി, വര്‍ഷം തന്നിതിലൊരുനാള്‍
ചെരുവയറാറും, പിന്നെ പെരുവയര്‍ രണ്ടും നിറയാനുള്ളൊരു
പടിയും വാങ്ങി ,പടികള്‍ മെല്ല കയറിവരു ന്നൊരു തുള്ളല്‍ -
ക്കാരന്‍ തന്നുടെ കൈയ്യിലെ തുന്നി സഞ്ചിയിലെ  ചില്ലറ
നാണൃം എണ്ണി തിട്ടം തീര്‍ക്കാന്‍ മാത്രം  മങ്ങിയ വെട്ടം
ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിക്കിലെ
തിരിയും കെട്ടൂ................   
                    *****************

             
പിൻകുറിപ്പ്‌:
സാധാരണ കേരളത്തിന്റെ വടക്ക് ഭാഗത്ത് നടമാടുന്ന ഒരു കലാ രൂപമാണ് തെയ്യം. കുരുത്തോല ,പ്രകൃതിയില്‍  നിന്നെടുത്ത വര്‍ണ്ണങ്ങള്‍ എന്നിവ കൊണ്ടുള്ള വേഷ പകര്‍ച്ചയും.വ്യത്യസ്ഥമായ പാട്ടും,താളവും എന്നിവ ഇതിന്‍റെ സവിശേഷതകളാണ്.കണ്ടനാര്‍ കേളന്‍ തെയ്യം,മുച്ചിലോട്ട്  ഭഗവതി തെയ്യം  തുടങ്ങിയ നിരവധി തെയ്യങ്ങളുണ്ട്. എന്നാൽ കേരളത്തിന്റെ   തെക്ക് ഭാഗത്ത്‌ അതിനു പകരമെന്നോണംകണ്ടു വരുന്ന ഒന്നാണ് ഊട്ട് . മാടന്‍ത്തമ്പുരാന്‍ ,അയണിയോട്ടു തമ്പുരാന്‍,ഉലകുടപെരുമാള്‍,ചാത്തന്‍തമ്പുരാന്‍ തുടങ്ങിയ നിരവധി തമ്പുരാക്കന്മാരെകുടിയിരുത്തിയിരിക്കുന്ന ക്ഷേത്രങ്ങള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ട് .നിര്‍ഭാഗ്യവശാല്‍  ഊട്ടും,പാട്ടും ഇന്ന് പല അമ്പലങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് . അയ്യടിത്താളത്തില്‍ ,ചെണ്ട ക്കൊലുകള്‍ പെരുക്കുന്ന താള ഘോഷത്തില്‍ കുലദൈവങ്ങളെ  മനസ്സിലാവാഹിച്ച് സ്വയം മറന്നു് തുള്ളിയാര്‍ക്കുന്ന കോമരങ്ങളും അപ്രത്യക്ഷമായി.... സത്യത്തില്‍ ഇതൊരു ആചാരാനുഷ്ഠാന കലയണ്.
നശിക്കപ്പെടുന്ന നാടോടി കലാരൂപം ഒന്നു കൂടി .............!